അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിചാരണ ആരംഭിച്ചു. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്. രണ്ട് സാക്ഷികളെയാണ് ഇന്ന് വിസ്താരതതിന് വിളിപ്പിച്ചത്. മധുവിന്റെ ഊരുവാസിയായ വെള്ളങ്കരിയെ വിസ്തരിച്ചു. മധുവിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ സാക്ഷിയായിരുന്നു വെള്ളങ്കരി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.
കേസിലെ ആദ്യത്തെ രണ്ടു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ഒഴിഞ്ഞത് ഏറെ വിവാദമായിരുന്നു. തുടർന്ന് അഡ്വ. സി രാജേന്ദ്രനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായും, രാജേഷ് എം മേനോനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചു.