അമ്പലപ്പുഴ പായൽകുളങ്ങരയിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ നാല് മരണം. കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്.
വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.
തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാൽ, സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി, അഭിരാഗ് (25) എന്നിവരാണ് മരിച്ചത്. സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.