അഴിമതിയാരോപണത്തെ തുടർന്ന് ആരോഗ്യ – കുടുംബക്ഷേമ മന്ത്രി വിജയ് സിംഗ്ലയെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന് ആവശ്യപ്പെട്ടതിനാണ് മന്ത്രിയെ പുറത്താക്കിയത്. ഇതിന് പിന്നാലെ പഞ്ചാബ് പോലീസിലെ ആന്റി കറപ്ഷന്‍ വിഭാഗം സിംഗ്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മന്ത്രി കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍ നടപടിയും അറസ്റ്റും.
ഏഴുവർഷം മുമ്പ് ആപ്പിൽ ചേർന്ന സിംഗ്ല പഞ്ചാബിലെ അറിയപ്പെടുന്ന ദന്തരോഗ വിദഗ്ധൻ കൂടിയാണ്. മാൻസ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹത്തൊട് എംഎൽഎ പദവി രാജിവെക്കാൻ പാർടി ആവശ്യപ്പെട്ടേക്കും. മണ്ഡലത്തിന് മുപ്പതുവർഷത്തിന് ശേഷമായിരുന്നു ഒരു മന്ത്രിയെ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടുനേടിയ സ്ഥാനാർഥികളിൽ ഒരാളും സിംഗ്ലയായിരുന്നു.
ഇന്ത്യയില്‍ ഇത് രണ്ടാം തവണയാണ് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നത്. 2015-ല്‍ ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രിയെ അരവിന്ദ് കെജ്രിവാള് പുറത്താക്കിയിരുന്നു. ആംആദ്മി പാര്‍ട്ടിയെ ഒരുപാട് പ്രതീക്ഷയോടെയാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയതെന്നും അതുകൊണ്ടുതന്നെ ഒരു ശതമാനം അഴിമതി പോലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു.