Latest news

അസംഖാനെ കൂടെക്കൂട്ടാന്‍ ഉവൈസിയുടെ ശ്രമം, സമാജ് വാദി പാര്‍ട്ടിയില്‍ കല്ലുകടി

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന അസംഖാനെ കൂടെക്കൂട്ടാന്‍ അസദുദ്ദീന്‍ ഉവൈസി നീക്കം തുടങ്ങി. സമാജ് വാദി പാര്‍ട്ടി (എസ്പി)യുടെ മുതിര്‍ന്ന നേതാവാണ് അസംഖാന്‍.
എസ്പി നേതാവ് അഖിലേഷ് യാദവ് തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ അസംഖാന് കുറേ നാളുകളായിട്ടുണ്ട്. അസംഖാനെ ജയില്‍ മോചിതനാക്കാന്‍ അഖിലേഷ് യാദവ് ആഗ്രഹിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പറഞ്ഞതോടെ അസംഖാനിപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലാണ്.
കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സീതാപുര്‍ ജയിലില്‍ കഴിയുകയാണ് അസംഖാന്‍. ഏതാണ് 80കേസുകള്‍ക്ക് മുകളിലുണ്ട് അസംഖാന്റെ പേരില്‍. വിവാദ പ്രസ്താവനകള്‍ നടത്തി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള നേതാവ് കൂടിയാണ് അസംഖാന്‍. ജയിലില്‍ കിടക്കുകയാണെങ്കിലും രാഷ്ട്രീയത്തില്‍ ശക്തനാണ് ഇദ്ദേഹം.
അടുത്തിടെ നടന്ന യുപി തെരഞ്ഞെടുപ്പില്‍ ജയിലില്‍ കഴിയവേയാണ് അസംഖാന്‍ എസ്പി സ്ഥാനാര്‍ഥി ആയി രാപുര്‍ നിയമസഭാ സീറ്റില്‍ മത്സരിച്ചതും വിജയിച്ച് എംഎല്‍എ ആയതും. പത്താം തവണയാണ് ഈ മണ്ഡലത്ത അദ്ദേഹം പ്രതിനിധീ കരിക്കുന്നത്. 1980 മുതല്‍ രാംപുര്‍ നിയമസഭാ സീറ്റില്‍ വിജയിച്ചുവരികയാണ്. 1996ല്‍ കോണ്‍ഗ്രസിനോട് മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്.
യുപിയില്‍നിന്ന് ബിജെപിയേയും എസ്പിയേയും ഇല്ലാതാക്കാന്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്ന ആവശ്യം അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം സംസ്ഥാന വക്താവ് മുഹമ്മദ് ഫര്‍ഹാന്‍ ഇതിനോടകം മുന്നോട്ടുവച്ചിട്ടുണ്ട്.
തങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി അസംഖാന് കത്തുനല്‍കുകയും ചെയ്തിട്ടുണ്ട് എഐഎംഐഎം. താങ്കള്‍ സീതാപുര്‍ ജയിലില്‍ കഴിയുന്നതിന്റെ ചെറിയൊരു വേദന പോലും അഖിലേഷ് യാദവിനില്ലെന്നാണ് ഫര്‍ഹാന്റെ വാദം. താങ്കള്‍ ഉവൈസിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നും താങ്കളുടെ ജയില്‍വാസത്തില്‍ ഉവൈസിക്ക് വേദനയുണ്ടെന്നും താങ്കളെ ചേര്‍ത്തുനിര്‍ത്താന്‍ ഉവൈസി തയാറാണെന്നും അസംഖാന് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി അസംഖാന്‍ ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി സമാജ് വാദി പാര്‍ട്ടി ഒന്നും ചെയ്തില്ല. ശരിയായ തീരുമാനം എടുക്കേണ്ട സമയമാണിതെന്ന് അസംഖാന്റെ വക്താവ് ഫസഹത് അലി ഖാനും പറയുന്നു.
അഖിലേഷ് യാദവ് ഇത്രയും കാലത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് ജയിലില്‍ അസംഖാനെ സന്ദര്‍ശിച്ചത്. അസംഖാന്‍ ജയില്‍ മോചിതനാകാന്‍ അഖിലേഷ് യാദവ് ആഗ്രഹിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയാണെന്ന് കരുതാമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, അസംഖാന്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചന ഉണ്ടെങ്കിലും മറ്റൊരു പാര്‍ട്ടിയില്‍ ചേരില്ലെന്നും സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് സാധ്യത കൂടുതലെന്നും പറച്ചിലുണ്ട്. ഇതിനിടെ ബിജെപിയിലേക്ക് അസംഖാന്‍ ചുവടുമാറുമെന്നുമുള്ള സംസാരവുമുണ്ട്. ഇതിനിടയിലാണ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന ലക്ഷ്യവുമായി ഉവൈസിയുടെയും രംഗപ്രവേശം.

Leave a Reply

Your email address will not be published.