അസമിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശഷ്ടങ്ങളുണ്ടായതായി അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ അറിയിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 ജില്ലകളിലായി 4,03,352 പേരാണ് വെള്ളപ്പൊക്കം കാരണം ദുരിതത്തിലായത്.
ദിമ ഹസാവോ, ഹോജായ്, കച്ചാർ, ബരാക് വാലി തുടങ്ങിയ വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾ നടത്തിയ ജില്ലകളിലേക്ക് ആവശ്യ സാധനങ്ങളുടെ വിതരണവും അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കലും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ദുരിതബാധിത പ്രദേശങ്ങളിൽ 89 പുനരധിവാസ ക്യാമ്പുകളും ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 39,558 പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നതെന്ന് ബറുവ പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചൊവ്വാഴ്ച ഗുവാഹത്തിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും അസമിലെ നിരവധി ജില്ലകളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും ഭാഗികമായി തകർന്നിരുന്നു. വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ എട്ട് പേർ മരിച്ചു.