മഴ മാറിനിന്നതോടെ നഗരത്തെ പ്രകമ്പനം കൊള്ളിച്ച് പൂരം വെടിക്കെട്ട്. മഴ മൂലം പലവട്ടം മാറ്റിവച്ച വെടിക്കെട്ട് തൃശൂർ പൂരം കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നടന്നത്. ഒരുമണിയോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചതെങ്കിലും മഴ കാരണം ഒരു മണിക്കൂറുകളോളം നീട്ടിവെക്കുകയായിരുന്നു.
ആദ്യം തിരി കൊളുത്തിയത് പാറമേക്കാവായിരുന്നു. രണ്ടാം ഊഴമായിരുന്നു തിരുവമ്പാടിയുടേത്.
ഓലപ്പടക്കവും ഗുണ്ടും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞായിരുന്നു ചാറ്റൽമഴയെ പ്രതിരോധിച്ചത്. ഇടവിട്ട് പെയ്ത മഴ ദേവസ്വങ്ങളെയും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാക്കി. ഉച്ചയ്ക്കു രണ്ടിനും മൂന്നിനും മധ്യേ വെടിക്കെട്ട് പൂർത്തിയാക്കി.
വെടിക്കെട്ടിനു മുന്നോടിയായി സ്വരാജ് റൗണ്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റവന്യു മന്ത്രി കെ.രാജനും കലക്ടറും വെടിക്കെട്ടുപുരകൾ സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി.
സാംപിൾ വെടിക്കെട്ടിന് ഏർപ്പെടുത്തിയ രീതിയിലുള്ള എല്ലാ നിയന്ത്രണങ്ങളോടും കൂടിയായിരുന്നു വെടിക്കെട്ട്. വൈകിട്ട് മഴയുടെ സാധ്യത നിലനിൽക്കുന്നതിനാലാണ് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരുന്നു.