Kerala Latest news

ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ആർ ബിന്ദു

ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാതല പ്രവേശനോത്സവ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്.

സ്കൂളിലെ നിലവിലുള്ള നാലുകെട്ടിന്റെ പുരാവസ്തുമൂല്യം പരമാവധി സംരക്ഷിച്ചു കൊണ്ടായിരിക്കും പുതിയ നിർമ്മാണ പ്രവൃത്തികളെന്നും മന്ത്രി അറിയിച്ചു. സമൂഹത്തിലെ നാനാത്വത്തിന്റെ പരിപാലകരാകുന്ന  സമൂഹമായി വേണം നമ്മുടെ കുട്ടികൾ വളരേണ്ടത്. പൂന്തോട്ടം പോലെ സുന്ദരമായ വിദ്യാലയത്തിലെ പൂവുകളാണ് കുട്ടികളെന്നും അവരിൽ നാനാത്വം അംഗീകരിക്കുന്ന സംസ്ക്കാരമാണ് വളർത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥിയായിരിക്കെ ഉണ്ടായ വിദ്യാലയ ഓർമ്മകൾ ചടങ്ങിൽ പങ്കുവെയ്ക്കാനും മന്ത്രി മറന്നില്ല. താൻ പഠിച്ച വിദ്യാലയം സ്നേഹം നിലനിർത്തുന്ന അന്തരീക്ഷ മുള്ളതായിരുന്നു എന്ന് പറഞ്ഞ മന്ത്രി മനുഷ്യത്വം ഉള്ളവരായി വളരാൻ പഠിപ്പിച്ചതും വിദ്യാലയമായിരുന്നു എന്നും കൂട്ടിച്ചേർത്തു. പ്രവേശന ദിനത്തിന്റെ ആവേശം എല്ലാ ദിവസവും ലഭിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.

സ്കൂൾ അങ്കണത്തിൽ അക്ഷരത്തൊപ്പിയും ഓലപ്പന്തും ഓലപ്പമ്പരവും റോസാപ്പൂക്കളും മധുരവും നൽകിയാണ് പുതിയ കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവം അക്ഷരത്തിരി കൊളുത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചത് 
പ്രവേശനോത്സവ ചടങ്ങിന് കൂടുതൽ ആവേശം പകർന്നു. കുട്ടികൾക്കായുള്ള പ്രതിജ്ഞയും സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ പത്രമായ  ധ്വനിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുൻ എം.പിയും നടനുമായ  ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർലി മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ ഡി സുരേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ സി നിഷ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബിന്ദു പി ജോൺ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ ആർ ഹേന , ബി.പി.സി. ഇരിങ്ങാലക്കുട വി ബി സിന്ധു തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.