സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനിയില്‍നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏപ്രില്‍ 13ന് ബ്ലോക്ക് തല പാചക മത്സരം സംഘടിപ്പിക്കുന്നു. വ്യത്യസ്തമായ ഏഴ് വിഭവഭങ്ങളെ അടിസ്ഥാനമാക്കിയാണ് പാചക മത്സരം സംഘടിപ്പിക്കുന്നത്.
ജ്യൂസ് അല്ലെങ്കില്‍ ഷെയ്ക്ക് (ചക്ക, മാങ്ങ, പൈനാപ്പിള്‍, പൊട്ടുവെള്ളരി തുടങ്ങിയവ), പായസം, ദോശ അല്ലെങ്കില്‍ പുട്ട്, കേക്ക്, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ (സ്‌നാക്ക്‌സ്), ജാം/സ്‌ക്വാഷ്/ജെല്ലി (മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍ എന്നീ വിഷയങ്ങളിലാണ് മത്സരം.
കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. നഗര സി.ഡി.എസുകളില്‍ നിന്നുള്ള അംഗങ്ങള്‍ അതാത് ബ്ലോക്ക് തല മത്സരങ്ങളില്‍ പങ്കെടുക്കും. ബ്ലോക്ക് തലത്തില്‍ വിജയികളാകുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രദര്‍ശനമേളയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയോടനുബന്ധിച്ച് നടത്തുന്ന ജില്ലാതലപാചക മത്സരത്തില്‍ പങ്കെടുക്കാം. ഓരോ ദിവസവും ഓരോ വിഷയത്തെ ആസ്പദമാക്കിയാവും ജില്ലാതല പാചക മത്സരം സംഘടിപ്പിക്കുക. ബ്ലോക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ പാചക രംഗത്ത് കുടുംബശ്രീ അംഗങ്ങളുടെ കഴിവ് പുറത്തുകൊണ്ടുവരുന്നതിനും പ്രാദേശികമായി ലഭ്യമാകുന്ന പല വിഭവങ്ങളും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും സാധിക്കുമെന്ന് ഫുഡ് കോര്‍ട്ട് സബ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായഎന്‍ കെ അക്ബര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.