Kerala Latest news

എന്റെ തൊഴിൽ എന്റെ അഭിമാനം” സർവ്വെ പൂർത്തീകരിച്ച് തൃശൂർ ജില്ല: സംസ്ഥാനത്ത് ആദ്യം

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന്റെ ഭാഗമായുള്ള സർവ്വെ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച് തൃശൂർ ജില്ല. സർവ്വെ
പൂർത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ഡി പി സി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ എന്നിവർ സംയുക്തമായി നടത്തി.

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന്റെ ഭാഗമായുള്ള സർവ്വേയിൽ നാല് ദിവസത്തിനുള്ളിൽ 10,980 കുടുംബശ്രീ എന്യൂമറേറ്റർമാർ കയറിയത് 9,95,158 സ്ഥലങ്ങളിലാണ്. ഇതിൽ 8,30,859 വീടുകളിൽ നിന്നായി 4,84,984 തൊഴിൽ അന്വേഷകരെ കണ്ടെത്താനായി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിൽ അന്വേഷകരിൽ ഏറെയും. ഡിഗ്രി, ബിരുദാനന്തരബിരുദം, ഡിപ്ലോമ, ഐ.ടി.ഐ എന്നീ യോഗ്യതയുള്ളവരുടെയും വിവരങ്ങൾ സർവ്വേയിലൂടെ ശേഖരിച്ചിട്ടുണ്ട്.

ഗ്രാമ,വാർഡ് തലങ്ങളിൽ വിപുലമായ സംഘാടക സമിതികൾ രൂപീകരിച്ചാണ് സർവ്വെ പ്രവർത്തനം ആരംഭിച്ചത്. കുടുംബശ്രീയ്ക്കായിരുന്നു സർവ്വെയുടെ ചുമതല. ജാലകം മൊബൈൽ ആപ്ലിക്കേഷനിലൂടെ നടത്തിയ ഡിജിറ്റൽ സർവ്വേയിലൂടെ അഭ്യസ്തവിദ്യരായവരുടെ കൃത്യമായ വിവരങ്ങൾ അതാതു തദ്ദേശസ്ഥാപനങ്ങളിൽ ലഭ്യമായിട്ടുണ്ട്.

2026നകം ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള ഡവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിൽ (K-DISC) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് എക്കണോമി മിഷൻ. മിഷന്റെ പ്രവർത്തനങ്ങൾ ഓരോ വീടുകളിൽ എത്തിക്കുകയും അഭ്യസ്ത വിദ്യരായവർക്ക് അവരവരുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തന മേഖല കണ്ടെത്തുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നതിനുള്ള വിവരശേഖരണം നടത്തുകയായിരുന്നു എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിന്റെ ആദ്യപ്രവർത്തനം.

അഭ്യസ്തവിദ്യർക്ക് ലോകമെമ്പാടുമുള്ള നവതൊഴിലുകൾ സ്വന്തം നാട്ടിലോ വീട്ടിലോ ഇരുന്ന് ചെയ്യാനുള്ള അവസരം സൃഷ്ടിക്കുക പ്രത്യേകിച്ചും ഇടയ്ക്ക് വെച്ച് തൊഴിൽ ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകൾ, തൊഴിൽ ഉപേക്ഷിച്ചോ, നഷ്ടപ്പെട്ടോ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾ എന്നിവർക്കും ക്യാമ്പയിൻ പ്രയോജനപ്പെടും.

നാല് ദിവസം കൊണ്ട് 9 ലക്ഷത്തിലധികം വീടുകൾ കയറി എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ച കുടുംബശ്രീ എന്യൂമറേറ്റർമാരെ ഡി.പി.സി ചെയർമാനും കൺവീനറും പ്രത്യേകം അഭിനന്ദിച്ചു. സർവ്വെ പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്ററും സ്റ്റേറ്റ് റിസോൾസ് ഗ്രൂപ്പ് മെമ്പറുമായ അനൂപ് കിഷോർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ഓഫീസ് സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എ കെ വിനീത എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.