എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന് കോണ്‍ഗ്രസ് വിട്ടു. ഇനി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുരളീധരന് പറഞ്ഞു.സിപിഎം നേതാക്കളോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന് പാര്‍ട്ടിമാറ്റം പ്രഖ്യാപിച്ചത്.
തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫ് തന്നെ നേരില്‍ കണ്ട് പിന്തുണ നേടി. അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അസ്വസ്ഥരായ ആളുകള്‍ ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. അവര്‍ തുറന്നു പറയാതിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും നല്ല സമീപനമാണുണ്ടായതെന്നും മുരളീധരന് വ്യക്തമാക്കി. ജോ ജോസഫിന് വേണ്ടി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം. സ്ഥാനാര്‍ത്ഥി നിര്‍ണായത്തിനുള്ള അതൃപ്തി അറിയിച്ചതിന് ശേഷമുള്ള ഡിസിസിയുടേയും നേതൃത്വത്തിന്റെയും സമീപനം ശരിയായിരുന്നില്ല. അതിനാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. വിവാദത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെത് ജനാധിപത്യവിരുദ്ധമായ സമീപനമാണെന്നും എം ബി മുരളീധരന് വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു