കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായിട്ടുള്ള അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരു സംവിധാനമുണ്ട്. എ.ഐ.സി.സി.യാണ് അത് തീരുമാനിക്കേണ്ടത്. ഇപ്പോഴും താൻ എ.ഐ.സി.സി, കെ.പി.സി.സി. മെമ്പറാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തൃക്കാക്കരയിലും വേദിപങ്കിട്ട മുതിർന്ന നേതാവ് കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയതായി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചിരുന്നു. എ.ഐ.സി.സി.യുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്നാണ് ചിന്തൻ ശിബിരത്തിനായി ഉദയ്പുരിലെത്തിയ കെ. സുധാകരൻ മാധ്യമങ്ങളെ അറിയിച്ചത്.
ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കെവി തോമസ്.
കെ.പി.സി.സി. പ്രസിഡന്റ് നുണകൂടി പറയാൻ തുടങ്ങി എന്ന് പത്രം വായിച്ചപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ല. കെ. സുധാകരന് ആള് മാറിയതാകാം. ഫോണിൽ വിളിച്ച് ആളെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് പുതിയ സംവിധാനമാണെന്നും അദ്ദേഹം പരിഹസിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥിക്കായി പരസ്യപ്രചാരണത്തിനിറങ്ങുമെന്നു പ്രഖ്യാപിച്ച കെ.വി. തോമസിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ കെ.പി.സി.സി.ക്ക് ഹൈക്കമാൻഡിന്റെ അനുമതി ആവശ്യമില്ലെന്നും നടപടിസ്വീകരിച്ചശേഷം അറിയിച്ചാൽ മതിയെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നു.
അതേസമയം കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്ന് പറഞ്ഞ അദ്ദേഹം എൽ.ഡി.എഫിലേക്ക് പോകില്ലെന്നും കൂട്ടിച്ചർത്തു.