കാണികളെ സാക്ഷിനിര്‍ത്തി ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കേരളം. നിശ്ചിത സമയവും അധിക സമയവും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് 15-ാം ഫൈനലില്‍ കേരളത്തിന്റെ ഏഴാം കിരീട നേട്ടം. സന്തോഷ് ട്രോഫി ഫൈനലില്‍ ബംഗാളിനോട് ഏറ്റുമുട്ടിയ നാലു ഫൈനലുകളില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത് ഇരുപത്തയ്യായിരത്തിലേറെ ആളുകളാണ് പയ്യനാട് ഫൈനല്‍ മത്സരം കാണാനെത്തിയത്.
ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്, ജിജോ ജോസഫ്, ജെസിന്, ഫസ്ലുറഹ്മാന് എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയത് കളിയിലെ വിധിയെഴുത്തായി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയിലുടനീളം ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയപ്പോള്‍ അധിക സമയത്ത് കാണികളെ ഞെട്ടിച്ച് 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നിലൂടെ ബംഗാള്‍ മുന്നിലെത്തിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.’
ഗോള്‍ വീണതോടെ കേരളം സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 116-ാം മിനിറ്റില്‍ കാണികള്‍ കാത്തിരുന്ന നിമിഷമെത്തി. നൗഫലിന്റെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് സഫ്നാദ് കേരളത്തിന്റെ സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ അവസാന ജയം ബംഗാളിനായിരുന്നുവെങ്കില്‍ 2018-ലും 2022-ലും കേരളം ബംഗാളിനെ പരാജയപ്പെടുത്തി. 2018-ല്‍ ബംഗാളിൽ വെച്ച് നടന്ന ഫൈനലില്‍ ആതിഥേയരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം തങ്ങളുടെ ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറമിതാ സ്വന്തം നാട്ടില്‍ അതേ ബംഗാളിനെ തകര്‍ത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കിയിരിക്കുകയാണ്.