2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ ഒരു ലക്ഷം നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി എളവള്ളി ഗ്രാമപഞ്ചായത്തില്‍ വ്യവസായ ശില്പശാല നടത്തി. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് ലൈസന്‍സ്, ബാങ്ക് ലോണ്‍, സബ്സിഡികള്‍ എന്നിവ ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ശില്പശാലയില് പങ്കെടുത്ത് സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി സഹായങ്ങള്‍ നല്‍കും. പദ്ധതികള്‍ ആരംഭിച്ച് മുന്നോട്ടു പോകുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് പ്രത്യേക സെമിനാറുകള്‍ സംഘടിപ്പിക്കും.
പൂവ്വത്തൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച ശില്പശാല മുരളി പെരുനെല്ലി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ലീന ശ്രീകുമാര്‍, ടി സി മോഹനന്, എന്‍ ബി ജയ, ജീന അശോകന്, ചാവക്കാട് താലൂക്ക് വ്യവസായ ഓഫീസര്‍ കെ എന്‍ അജിത, മുല്ലശ്ശേരി ബ്ലോക്ക് വ്യവസായ ഓഫീസര്‍ പി സുധീര്‍, ഗുരുവായൂര്‍ നഗരസഭ വ്യവസായ ഓഫീസര്‍ വി സി ബിന്നിമോന്, ചാവക്കാട് ബ്ലോക്ക് വ്യവസായ ഓഫീസര്‍ നവ്യ രാമചന്ദ്രന്, ഇന്റേണ്‍ ദീജ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.