Latest news

കാടിന്റെ മക്കൾക്ക് നിറക്കാഴ്ച: വാച്ചുമരം ഊരിൽ ഓങ്കൽ ദൃശ്യകലാ ക്യാമ്പ്

വാച്ചുമരം ആദിവാസി ഊരുകളിൽ കലയുടെ മാസ്മരിക ലോകം തീർത്ത് ഓങ്കൽ ദൃശ്യകലാ ക്യാമ്പ്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ആദിവാസി വനസംരക്ഷണ സമിതിയിൽ ആദിവാസി കുട്ടികൾക്കായി കേരള വനം വകുപ്പ് കഴിഞ്ഞ അഞ്ച് ദിവസമായി ഒരുക്കിയ ദൃശ്യകലാ ക്യാമ്പാണ് ഊരു നിവാസികൾക്ക് വേറിട്ട അനുഭവമായത്. സംസ്ഥാന വന വികസന ഏജൻസിയുടെ നേതൃത്വത്തിൽ വാഴച്ചാൽ എഫ്ഡിഎ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. കലയുടെ മാസ്മരിക ലോകത്തേയ്ക്ക് കുട്ടികള കൈപിടിച്ചുയർത്താൻ ട്രാൻസ് പാഴസേഴ്സ്
എന്ന കലാകാരന്മാരുടെ കൂട്ടായ്മയും ചേർന്നതോടെ ഊരുകളിൽ ആഹ്ലാദത്തിന്റെ ആർപ്പുവിളികൾ ഉയർന്നു. വാച്ചുമരം ഊരിൽ ആദ്യമായാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഊരു നിവാസികളുടെ തിരിച്ചറിയാതെ പോകുന്ന സർഗ്ഗാത്മക കഴിവുകളെ വളർത്തുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആർ ലക്ഷ്മി പറഞ്ഞു. ഈ കൂട്ടായ്മയിലൂടെ കുട്ടികളെ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിക്കാൻ പ്രാപ്തരാക്കുകയാണ് വനം വകുപ്പ് . ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി അവരുടെ കലാവാസനയെ വളർത്തിയെടുക്കാനും ക്യാമ്പിലൂടെ കഴിയും. മലക്കപ്പാറ, ആനക്കയം, ഷോളർയാർ, തവളക്കുഴിപ്പാറ, മുക്കുമ്പുഴ , വാച്ചുമരം, പെരിങ്ങൽകുത്ത്, പൊകലപ്പാറ, വാഴച്ചാൽ എന്നീ ഊരുകളിൽ നിന്നായി എഴുപതോളം കുട്ടികളാണ് ദിനവും ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന കലാമേള വൈകുന്നേരം അഞ്ച് മണി വരെ നീണ്ടു നിൽക്കും.
ആദ്യദിനത്തിൽ പ്രകൃതിയെ അറിയാനും പിന്നീട് പ്രകൃതിയിൽനിന്നും ചാലിച്ചെടുത്ത വർണ്ണങ്ങൾക്ക് ജീവനേകാനും അവർക്കായി. സമീപപ്രദേശങ്ങളിൽ അലങ്കോലമായി കിടന്നിരുന്ന ചുമരുകളും മതിലുകളുമെല്ലാം ഇവരുടെ വിരൽ തുമ്പിനാൽ തീർത്ത പൂക്കളാലും ഇലകളാലും വർണ്ണാഭമായി. സമാപന ദിനത്തിൽ കളിമണ്ണിൽ തീർത്ത മനോഹര ശില്പങ്ങൾ ഒരുക്കാനും അവർ പഠിച്ചു.
കേരളത്തിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. എസ്എഫ് ഡിഎ ചുമതലക്കാരനായ ലിജോ ആണ് സംസ്ഥാന തലത്തിൽ ഇത്തരം ക്യാമ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. അട്ടപ്പാടിയിലെ ഇരുള വിഭാഗം, നിലമ്പൂരിലെ ചോലനായ്ക്കൽ ,വയനാട്ടിലെ പണിയ എന്നീ വിഭാഗങ്ങൾക്ക് നടത്തിയ ക്യാമ്പുകളിലെ അനുഭവമാണ് വാഴച്ചാൽ, കാടാർ വിഭാഗത്തിലും ഓങ്കൽ ദൃശ്യകലാ ക്യാമ്പ് സംഘടിപ്പിക്കാൻ പ്രേരണയായത്. വരയോടൊപ്പം കളിയും ചിരിയും പാട്ടും നൃത്തവും നിറഞ്ഞ ദിനങ്ങൾ വാച്ചുമരം ഊരൊന്നാകെ നെഞ്ചിലേറ്റി .കാടാര്‍ ജനതയുടെ ഗോത്ര ഭാഷയില്‍ മലമുഴക്കി വേഴാമ്പലിനെയാണ് ഓങ്കല്‍ എന്ന് വിളിക്കുന്നത്. കാടാർ വിഭാഗത്തിൽ പെട്ട മേരി എന്ന യുവതിയാണ് ക്യാമ്പിന് ഈ നാമം നിർദ്ദേശിച്ചത്. വാഴച്ചാൽ എഫ് ഡി എ കോർഡിനേറ്റർ കെ ആർ രാജീവ് ആണ് ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നത്. ജെ എസ് ശരത് , ആർ വി യദുകൃഷ്ണൻ, പ്രണവ് പ്രഭാകരൻ, ജതിൻ ഷാജി, ജിനിൽ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് മനോഹരമായത്.

Leave a Reply

Your email address will not be published.