ചേപ്പിലംതോട് പുല്ലപ്പള്ളിയില്‍ 12-കാരനുനേരെ കാട്ടുപന്നിയുടെ ആക്രമം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന് അദിനാന് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാവിലെ സൈക്കിളില്‍ സഞ്ചരിക്കവെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം. സമീപത്തെ പറമ്പില്‍ നിന്നു ഇറങ്ങി വന്ന കാട്ടുപന്നി ആദ്യം സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അദ്നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ മേഖലയില്‍ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും മറ്റും സ്ഥിരമാണെങ്കിലും ആളുകളെ ആക്രമിക്കുന്നത് ആദ്യമാണ്.
വീട്ടുവളപ്പിലേക്ക് കയറിയതിനാല്‍ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്ന് വെടിവെച്ച് കൊല്ലാനായി. വനപ്രദേശമോ മറ്റോ അല്ലാതിരുന്നിട്ട് പോലും ജനവാസ മേഖലയില്‍ പന്നിയിറങ്ങിയതില്‍ വലിയ ആശങ്കയിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസമാണ് കാട്ടുപന്നിയെ വെടിവെക്കാന്‍ നിര്‍ദേശം നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. കാട്ടുപന്നി ശല്യം നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കുന്ന നിയമനിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കി