Kerala Latest news

കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി കളിമുറ്റങ്ങൾ

കോവിഡിന്റെ ദുരിത പെയ്ത്തിൽ നിന്ന് ആർജിച്ചെടുത്ത അനുഭവത്തിന്റെ അറിവുകളുമായി വിദ്യാഭ്യാസ വർഷാരംഭത്തിന്റെ പുത്തൻ പുലരിയിലേയ്ക്ക് പ്രവേശിക്കാൻ ഒരുങ്ങി കുരുന്നുകൾ. പുത്തനുടപ്പും പുസ്തകങ്ങളുമായി എത്തുന്ന ബാല്യ – കൗമാരങ്ങളെ എതിരേൽക്കാൻ വിദ്യാലയങ്ങളും നാടും തയ്യാറായി.

ഈ വർഷത്തെ തൃശൂർ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം
ജൂൺ 1ന് രാവിലെ 9.30ന് പട്ടിക്കാട് ജി.എൽ.പി സ്കൂളിൽ  റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും. ഒപ്പം ഇതേ സമയത്ത് ജില്ലയിലെ 16 ബ്ലോക്ക് പഞ്ചാത്ത് തലങ്ങളിലും 86
ഗ്രാമപഞ്ചായത്ത്, 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍, ആയിരത്തോളം വിദ്യാലയങ്ങളിലും പ്രവേശനോത്സവങ്ങള്‍ നടക്കും.

വിദ്യാലയങ്ങള്‍ തുറക്കുന്നതിന്‍റെ മുന്നോടിയായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
ജില്ലാതലത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തിയിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസജില്ല-ഉപജില്ല-തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വിദ്യാലയങ്ങളിലും വിപുലമായ ആലോചനാ യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.

കളിമുറ്റമൊരുക്കാമെന്ന പരിപാടിയുടെ ഭാഗമായി, മെയ് 25 മുതല്‍ വിദ്യാലയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പാഠപുസ്തക വിതരണവും യൂണിഫോം വിതരണവും പുരോഗമിക്കുകയാണ്.  സംസ്ഥാനത്തിനാകെ മാതൃകയായി മാറിയിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി – സമേതം – നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ വിദ്യാഭ്യാസ സംവിധാനം. 

ജില്ലാതല പ്രവേശനോത്സവത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ നവാഗതരെ സ്വീകരിക്കും, പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഏ വി വല്ലഭനും, യൂണിഫോം വിതരണത്തിന്‍റെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവിയും, പാഠപുസ്തക വിതരണം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി പി  രവീന്ദ്രനും,  പ്രതിഭകൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് അംഗം കെ വി സജുവും,  വിവിധ സ്കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയനും നിര്‍വ്വഹിക്കും.

പട്ടിക്കാട്  ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്വാഗതനൃത്തം, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍  അവതരിപ്പിക്കുന്ന എയറോബിക്സ്, എസ്.എസ്.കെ.യിലെ കലാധ്യാപകര്‍ അവതരിപ്പിക്കുന്ന  പ്രവേശനോത്സവ ഗാനങ്ങൾ ,  കുട്ടികളുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികള്‍, നാടൻ കലാരൂപങ്ങളുടെ അവതരണം എന്നിവ പ്രവേശനോത്സവ പരിപാടിയുടെ ഭാഗമായി നടക്കും.

പ്രീ-പ്രൈറി, എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമാണ് ജില്ലാതല പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുക്കുന്നത്. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.

പട്ടിക്കാട് ഗവ.എൽ.പി.സ്കൂളിന്റെയും ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻനമ്പൂതിരിപ്പാടിനെ  ആദരിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി  കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  പെരുവനം കുട്ടന്മാരാർ, ടി എൻ  പ്രതാപൻ എം പി,  ജില്ലാ കലക്ടർ ഹരിത വി. കുമാർ, സിനി ആര്‍ട്ടിസ്റ്റ് കാർത്തിക വെള്ളത്തേരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജന പ്രതിനിധികളും കലാ – സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.