Kerala Latest news

കുരുന്നുകളെ സ്വാഗതം ചെയ്ത് കളിമുറ്റങ്ങൾ, ആഘോഷമായി പ്രവേശനോത്സവം

കോവിഡ് മഹാമാരിയിൽ നിന്ന് ആർജിച്ചെടുത്ത
അതിജീവനത്തിന്റെ പാഠങ്ങളുമായി അധ്യയന വർഷത്തിന്റെ പുത്തൻ പുലരിയിലേയ്ക്ക് പ്രവേശിച്ച് കുരുന്നുകൾ. പുത്തനുടുപ്പം പുസ്തകങ്ങളുമായി ആവേശത്തോടെയാണ് വിദ്യാർത്ഥികൾ വിദ്യാലയ മുറ്റങ്ങളിലെത്തിയത്.  ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും  വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും പങ്കാളിത്തത്തോടെ നാടിന്റെ ഉത്സവമായാണ്
ഈ അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചത്.

പ്രശസ്ത വാദ്യകലാകാരൻ  പെരുവനം കുട്ടൻമാരാരുടെ മേളം സദസിനെ ചടുലമാക്കി. സിനി ആർട്ടിസ്റ്റ് കുമാരി കാർത്തിക വെള്ളത്തേരി തന്റെ വിദ്യാലയാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഗവ.എൽ.പി.എസ് കലാവിഭാഗത്തിലെ കുഞ്ഞുങ്ങൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ജില്ലാതല പ്രവേശനോത്സവ ചടങ്ങുകൾക്ക് തുടക്കമായത്. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച എയറോബിക്സ് നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി.

ഇതേസമയം ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും 86  ഗ്രാമപഞ്ചായത്ത്, 7 നഗരസഭകള്‍, കോര്‍പ്പറേഷന്‍, ആയിരത്തോളം വിദ്യാലയങ്ങളിലും വിപുലമായി പ്രവേശനോത്സവങ്ങള്‍ നടന്നു. പ്രീ-പ്രൈറി, എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിയഞ്ഞൂറോളം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമാണ് ജില്ലാതല പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published.