Kerala Latest news

കെഎസ്ഇബിയിലെ സമരം ഒപ്പുതീർപ്പിലേക്ക്; നേതാക്കൾ ഇന്ന് ജോലിയിൽ പ്രവേശിക്കും

വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ ഇന്ന് ജോലിയിൽ പ്രവേശിക്കും. മെയ് 5ന് നടത്തുന്ന ചർച്ചയിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയെന്ന് അസോസിയേഷൻ അവകാശപ്പെട്ടു. അതുവരെ പ്രക്ഷോഭ പരിപാടികളെല്ലാം നിർത്തിവെച്ചു.

സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ സമരത്തിനെതിരായ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന ചെയർമാൻറെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായതോടെയാണ് കെഎസ്ഇബിയിലെ ഹൈ വോൾട്ടേജ് സമരത്തിന് താത്കാലിക പരിഹാരമാകുന്നതെന്നാണ് വിലയിരുത്തൽ. എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷൻ നിലപാട് തിരുത്തിയത്.

ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ എം ജി സുരേഷ് കുമാർ, കെ ഹരികുമാർ, ജാസ്മിൻ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിൻവലിക്കുന്നതുവരെ പിന്നോട്ടിലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കൾ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളിൽ ഇന്ന് ജോലിയിൽ പ്രവേശിക്കും. സസ്പെൻഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നൽകി. സംഘടന പ്രവർത്തനത്തിൻറെ ഭാഗമായി ചെയ്ത കാര്യങ്ങൾക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും, ജോലിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണം നൽകി.

Leave a Reply

Your email address will not be published.