ബോളിവുഡ് ഗായകനും മലയാളിയുമായ കെകെയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പൊലീസിന് എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നു. ഹൃദയാഘാതമാണ് മരണകാരണം മരണത്തില്‍ മറ്റ് അസ്വാഭാവികതയൊന്നുമില്ലെന്നും ഇതുവരെ കണ്ടെത്താനായില്ല എന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.
കെകെയുടെ മരണത്തിന് പിന്നില്‍ ദുരൂഹതകളൊന്നുമില്ല, ക്ലിനിക്കല്‍ പരിശോധനയില്‍ അദ്ദേഹത്തിന് ദീര്‍ഘനാളായി ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, അന്തിമ റിപ്പോര്‍ട്ട് 72 മണിക്കൂറിന് ശേഷം ലഭ്യമാകുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച്ച രാത്രി കൊല്‍ക്കത്തയിലെ നസ്രുള്‍ മഞ്ചയില്‍ ഒരു സംഗീത പരിപാടി അവതരിപ്പിച്ച ശേഷമായിരുന്നു കെ കെ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. പരിപാടിക്കു ശേഷം തീര്‍ത്തും അസ്വസ്ഥനായപോലെ വേഗം പുറത്തേക്ക് നടന്നു പോകുന്ന കെ കെ യുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഹോട്ടലില്‍ എത്തിയശേഷമാണ് കെ കെ തളര്‍ന്നു വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെ കെ യുടെ മുഖത്തും അരകെട്ടിലും മുറിവുകള്‍ കണ്ടെത്തിയെന്നും മരണത്തില്‍ അസ്വഭാവികത സംശയിക്കപ്പെടുന്നുവെന്നുമുള്ള റിപോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
ഇന്നലെ കകെയുടെ മൃതദേഹം കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് കൊണ്ടുവന്നിരുന്നു. അന്ധേരിയിലെ പാര്‍ക് പ്ലാസയില്‍ 10.30 മുതല്‍ 12.30 വരെ കെകെയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി വെര്‍സോവ ഹിന്‍ഡി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും.