കെ റെയിൽ സംവാധത്തിൽ നിന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദന്റെ ഐ.ടി സെക്രട്ടറി ആയിരുന്ന ജോസഫ് സി മാത്യുവിനെ മാറ്റിനിർത്തിയതിന് പിന്നിൽ നിഗൂഢ ശക്തികളാണെന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീർ. അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിൻമാറിയത് സംവാദം സുതാര്യമായല്ല നടക്കുന്നതെന്നതിന് തെളിവാണ്.
കേരളത്തിലെ പരിസ്ഥിതിതി സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് പഠിച്ച് സംവദിക്കുന്ന ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് ഭരണ സംവിധാനം എത്രമാത്രം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്നതിന് തെളിവാണെന്നും എം.കെ മുനീർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം-
ശ്രീ ജോസഫ് സി. മാത്യുവിനെ കെ റെയിലിനെ കുറിച്ചുള്ള സംവാദത്തിൽ നിന്ന് മാറ്റി നിർത്തി എന്നറിഞ്ഞപ്പോൾ വളരെ നിരാശയാണ് തോന്നിയത്. കെ റെയിലിനെതിരെ വസ്തുനിഷ്ഠമായി സംസാരിക്കുന്നവരെയും യുക്തി സഹിതം എതിർക്കുന്നവരെയും ഭരണപരമായും കായികമായും നേരിടുക എന്നതാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. നിഗൂഢമായ ചില ശക്തികൾ കെ-റെയിലിന് പിറകിലുണ്ടോ എന്നത് സംശയതിനിടയാക്കുന്നുണ്ട്. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനു പുറമെ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും സംവാദത്തിൽ നിന്നും പിന്മാറിയതും സംവാദം സുതാര്യമല്ല എന്നതിന് അടിവരയിടുന്നതാണ്.
കെ-റെയിൽ കല്ലിടുന്ന അനധികൃത പ്രവർത്തനങ്ങൾ ക്കെതിരെ സമരം ചെയ്യുന്ന സാധാരണക്കാരെ പോലീസും സിപിഎമ്മും ഒരു വശത്ത് കായികമായി നേരിടുമ്പോൾ കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും സാമ്പത്തികാഘത്തെയും കുറിച്ച് പഠിച്ചു കൊണ്ട് വാദങ്ങൾ നിരത്തുന്ന ജോസഫ്. സി. മാത്യുവിനെ പോലെയുള്ളവരെ ഭരണപരമായുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേവലം ഇത്തരം കുത്സിത പ്രവർത്തനങ്ങളിലൂടെ കെ റെയിലിനെ വിശുദ്ധ പശു ആക്കിക്കളയാമെന്ന വ്യാമോഹം സിപിഎം ഉപേക്ഷിക്കുന്നതാണ് നല്ലത്.