രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.
ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.