കര്‍ണാടകയില്‍ മന്ത്രി രാജിവച്ചു. ഗ്രാമവികസന മന്ത്രി കെ.എസ്. ഈശ്വരപ്പ ആണ് രാജിവച്ചത്.
ഈശ്വരപ്പയ്ക്കെതിരെ അഴിമതിയാരോപണമുന്നയിച്ച ബിജെപി പ്രവര്‍ത്തകനായ കോണ്ട്രാക്ടര് ജീവനൊടുക്കിയതു വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈശ്വരപ്പയുടെ രാജി.
ഈശ്വരപ്പയ്ക്കെതിരേ ആത്മഹത്യപ്രേരണാക്കുറ്റത്തിനു പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
മന്ത്രിക്കെതിരേ അഴിമതിയാരോപണമുന്നയിച്ച സന്തോഷ് പാട്ടീല്‍ (37) എന്ന കോണ്ട്രാക്ടറിന്റെ മൃതദേഹം കഴിഞ്ഞദിവസമാണ് ഉഡുപ്പിയില്‍ കണ്ടെത്തിയത്. നാല് കോടി രൂപയോളം മുടക്കി ബെളഗാവിയില്‍ കഴിഞ്ഞവര്‍ഷം പൂര്‍ത്തിയാക്കിയ റോഡിന്റെ ബില്ലുകള്‍ നല്‍കിയെങ്കിലും പണം അനുവദിക്കുന്നതിനു മന്ത്രിയും കൂട്ടാളികളും 40 ശതമാനം കമ്മീഷന് ആവശ്യപ്പെട്ടുവെന്ന് സന്തോഷ് പാട്ടീല്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെടാന്‍ സംസ്ഥാന ബിജെപി നേതൃത്വം തയാറായില്ലെന്നും പാട്ടീല്‍ പറഞ്ഞു. സംഭവത്തില്‍ മന്ത്രിക്കും സഹായിക്കുമെതിരേ ഉഡുപ്പി പോലീസ് കേസെടുത്തിരുന്നു.