പഞ്ചാബി ഗായകൻ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ കേന്ദ്രമാക്കിയ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ ഏറ്റെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റതായി അറിയിച്ചത്. സിദ്ദുവിന്റെ സുരക്ഷ പഞ്ചാബിലെ ആം ആദ്മി സർക്കാർ പിൻവലിച്ചിരുന്നു. പിന്നാലെയാണ് ക്രൂരമായ കൊലപാതകം.
മൂസെവാലെയുടെ കൊലപാതകത്തിന് കാരണക്കാരനെന്ന് പൊലീസ് കരുതുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷോനിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഗോൾഡി ബ്രാർ.
അതേസമയം, മൂസെവാലെക്ക് നേരെ അക്രമികൾ 30 തവണ വെടിയുതിർത്തെന്ന് പൊലീസ് പറഞ്ഞു. എട്ട് മുതൽ പത്ത് വരെ അക്രമികളാണ് വെടിയുതിർത്തത്.
പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ വെടിയുണ്ടയിൽ നിന്ന് AN 94 റഷ്യൻ റൈഫിളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. സംഭവ സ്ഥലത്തു നിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്.
സിദ്ദു അടക്കം 424 പേരുടെ സുരക്ഷയാണ് പഞ്ചാബ് സർക്കാർ പിൻവലിച്ചത്. സിദ്ദുവും സുഹൃത്തുക്കളും മാൻസയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.