ഗുരുവായൂർ നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ യാഥാർത്ഥ്യമാകുന്നു. മെയ് 20ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ നാടിന് സമർപ്പിക്കും. പാർക്കിങ്ങ് പ്ലാസ യാഥാർത്ഥ്യമാകുന്നതോടെ ഗുരുവായൂരിലെ ഉത്സവ സീസണുകളിലും മറ്റും ഉണ്ടാകുന്ന വാഹന പാർക്കിങ്ങ് പ്രതിസന്ധിക്ക് പരിഹാരമാകും.
അമൃത് പദ്ധതിയിലെ അർബൻ ട്രാൻസ്പോർട്ട് സെക്ടറിൽ ഉൾപ്പെടുത്തിയാണ് മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ പ്രാവർത്തികമായത്. 2016-17 സംസ്ഥാന വാർഷിക ആക്ഷൻ പ്ലാനിൽ 19 കോടിയും 2017-18 ലെ സംസ്ഥാന വാർഷിക ആക്ഷൻ പ്ലാനിൽ 6 കോടി രൂപയും ഉൾപ്പെടുത്തി 25 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിച്ചത്.
ഗുരുവായൂർ ഔട്ടർ റിങ്ങ് റോഡിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിങ്ങിലെ 82 സ്ഥലത്ത് ആറ് നിലകളിലായാണ് മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ പണിതുയർത്തിയത്. 15 കാറുകൾ, ബസുകൾ, 37 മിനിബസുകൾ, 100 ൽ അധികം ടൂവീലറുകൾ എന്നിവ ഒരേസമയം പ്ലാസയിൽ പാർക്ക് ചെയ്യാം. കൂടാതെ ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, ബാത്ത്റൂം, ശുചിമുറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രിക്ക് കാറുകൾ പാർക്ക് ചെയ്യുന്നതിനായുളള അതിവേഗ ചാർജ്ജിങ്ങ് സ്റ്റേഷൻ സൗകര്യവും പാർക്കിങ്ങ് പ്ലാസക്കുളളിൽ ലഭ്യമാക്കും. കൂടാതെ വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, ഓൺഗ്രിഡ് സോളാർ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ പാർക്കിങ്ങിനായി സ്മാർട്ട് പാർക്കിങ്ങ് സംവിധാനങ്ങളുമുണ്ട്.
എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, മുരളി പെരുനെല്ലി എം എൽ എ , ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളാകും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ, അമൃത് മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.