തീർത്ഥാടന നഗരമായ ഗുരുവായൂരിന്റെ വികസന മുന്നേറ്റത്തിലെ നാഴികക്കല്ലായ ഗുരുവായൂർ നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് 20 നാടിന് സമർപ്പിക്കും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസ നിർമ്മിക്കുന്നത്. ഗുരുവായൂരിന് ലഭ്യമായിട്ടുള്ള അമൃത് പദ്ധതിയിൽ 25 കോടി രൂപ ചെലവഴിച്ച് ശാസ്ത്രീയവും, ആധുനികവുമായ സാങ്കേതിക സംവിധാനങ്ങളെ സംയോജിപ്പിച്ച് 6 നിലകളിലായി 12,504 സ്ക്വയർ മീറ്റർ വിസ്തീർണ്ണത്തിലാണ് സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.
357 കാറുകൾ, 7 ബസുകൾ, 37 മിനി ബസുകൾ, നൂറിലധികം ടൂവീലറുകൾ എന്നിവ ഒരേസമയം പ്ലാസയിൽ പാർക്ക് ചെയ്യാം. കൂടാതെ ഡ്രൈവർമാർക്കും യാത്രക്കാർക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, 10 ബാത്ത്റൂം, 28 ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാർക്കിങ്ങ് പ്ലാസയിൽ 2 ലിഫ്റ്റുകളും ചെറിയ സ്നാക്സ് ബാറുകൾ, കിയോസ്കുകൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് കാറുകൾ ചാർജ്ജ് ചെയ്യുന്നതിനായുളള അതിവേഗ ചാർജ്ജിങ്ങ് സ്റ്റേഷൻ സൗകര്യവും പ്ലാസക്കുളളിൽ ലഭ്യമാകും. കൂടാതെ വാഹനങ്ങളുടെ സുരക്ഷയ്ക്കായുളള ഫയർ ആന്റ് സേഫ്റ്റി സംവിധാനങ്ങൾ, ഓൺഗ്രിഡ് സോളാർ എന്നീ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. വാഹനങ്ങളുടെ സുഗമമായ പാർക്കിങ്ങിനായി സ്മാർട്ട് പാർക്കിങ്ങ് സംവിധാനങ്ങൾ മൾട്ടി ലെവൽ പാർക്കിങ്ങ് പ്ലാസയുടെ പ്രത്യേകതയാണ്.
എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, മുരളി പെരുനെല്ലി എം എൽ എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി ബീന എസ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കൗൺസിലർമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.