Kerala Latest news Thrissur

ചാവക്കാട് മുൻസിഫ് കോടതി അങ്കണത്തിൽ പുതിയ കോടതി സമുച്ചയം

നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതി സമുച്ചയത്തിന് പുതുജന്മം. ചാവക്കാട് കോടതി സമുച്ചയ നിർമ്മാണത്തിന് 37.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 135 വർഷത്തോളം പഴക്കംചെന്ന ചാവക്കാട് കോടതി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ്. കാലപ്പഴക്കം വന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോടതിക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനും കത്ത് നൽകിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കേരള ഹൈക്കോടതിയുടെ കീഴിൽ നേരിട്ട് സ്വന്തം ഉടമസ്ഥതയിൽ മൂന്ന് ഏക്കർ സ്ഥലത്താണ് നിലവിൽ ചാവക്കാട് കോടതി സ്ഥിതി ചെയ്യുന്നത്. കോടതി അങ്കണത്തിൽ ഒരു മജിസ്ട്രേറ്റ് കോടതിയും ഒരു സബ് കോടതിയും പ്രവർത്തിക്കുന്നുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ബാർ അസോസിയേഷൻ കെട്ടിടം കോടതി പ്രവർത്തനത്തിനായി വിട്ടുകൊടുത്തതിലാണ് സബ് കോടതി പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളെല്ലാം കാലപഴക്കം സംഭവിച്ചവയാണ്.

ഏറ്റവും വലിയ അധികാരപരിധിയിലുള്ള കോടതികളിൽ ഒന്നാണ് ചാവക്കാട് മുൻസിഫ് കോടതി. ചാവക്കാട് താലൂക്കിലെ മുഴുവൻ വില്ലേജുകളും കുന്നംകുളം താലൂക്കിലെ 11 വില്ലേജുകളും ഉൾപ്പെടുന്ന മലപ്പുറം ജില്ല അതിർത്തി വരെ ചാവക്കാട് കോടതിയുടെ അധികാരപരിധിയാണ്. ഗുരുവായൂർ ഉൾപ്പെടെ അഞ്ച് പൊലീസ് സ്റ്റേഷനുകളും ചാവക്കാട് കോടതിയുടെ പരിധിക്കകത്തുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യുന്ന കോടതിയാണ് ചാവക്കാട് സിവിൽ കോടതി. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും കൂടുതൽ ഫയൽ ചെയ്യുന്നതും ഈ കോടതിയിലാണ്.
എന്നാൽ ഈ രണ്ട് കോടതികളും തൃശൂരിൽ ആയതിനാൽ പല കേസുകളും തീർപ്പാക്കാൻ കാലതാമസം നേരിടുന്നു.

കേസുകൾ കൂടുതലായതിനാൽ തന്നെ ആയതിനനുസരിച്ചുള്ള അപ്പീലുകൾ ഫയൽ ചെയ്യുന്നത് തൃശൂർ കോടതിയിലാണ്. അതുകൊണ്ടുതന്നെ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രബ്യൂണൽ (MACT) കേസുകളും കുടുംബ കേസുകളും അപ്പീലുകളും തീർപ്പാക്കാൻ പൊതുജനം 35 കിലോമീറ്റർ ദൂരമുള്ള തൃശൂർ കോടതിയെ ആണ് ആശ്രയിക്കുന്നത്. പുതിയ കോടതി കെട്ടിടം നിർമ്മിക്കുന്നതോടെ ഇതിന് പരിഹാരമാകും.

Leave a Reply

Your email address will not be published.