ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി നടത്തുന്ന പരിപാടികളും ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗവണ്‍മെന്റ് നോമിനി കെ. സുധാകരന്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ ഏപ്രില്‍ 21ന് മെഗാ പ്രദര്‍ശന മേളയോടനുബന്ധിച്ച് ‘പതിനാലാം പഞ്ചവത്സര പദ്ധതിയുടെ സമീപനം ‘എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറില്‍ ജില്ലയിലെ വിവിധ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനും തീരുമാനമായി. കൂടാതെ പ്രദര്‍ശന പവലിയനില്‍ ജനകീയാസൂത്രണ സ്റ്റാളില്‍ 10 കുട്ടികളെ വീതം വളണ്ടിയര്‍മാരായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഏപ്രില്‍ 19,20,21 തീയതികളില്‍ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തി പൊതുവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടന്നു. ഏഴ് കോളജുകളിലായി നടത്തുന്ന പരിശീലനത്തില്‍ ജില്ലയിലെ ബ്ലോക്കുകളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത ആളുകളെ പങ്കെടുപ്പിക്കും. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, വിവിധ കോളേജ് അധ്യാപകര്‍, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.