ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ എതിർത്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബെഞ്ച് രൂപീകരിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേനലവധിക്കു ശേഷം ഇതേക്കുറിച്ച് ആലോചിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഇന്ന് മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹർജികൾ ഇതുവരെ പരിഗണന പട്ടികയിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് കേസിൻ്റെ വിശദാംശങ്ങൾ നല്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അഞ്ചംഗ ബഞ്ച് കേൾക്കേണ്ട വിഷയമാണിത്. വേനൽ അവധിക്കു ശേഷം ബഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബഞ്ച് കേസ് കേൾക്കണം എന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിൻ്റെ പാതയിലെന്നും ഇന്നലെ നരേന്ദ്ര മോദി പറഞ്ഞു.