Kerala Latest news

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ജൂണ്‍ 5 ന് രണ്ടാംഘട്ട ശുചീകരണം നടത്തണം: ജില്ലാ കലക്ടര്‍

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ജൂണ്‍ അഞ്ച് രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഹീല്‍ ദൈ തൃശൂര്‍ (Heal-thy Thrissur) ക്യാംപയിന്റെ ഭാഗമായി പരിസ്ഥിതി ദിനം കൂടിയായ ജൂണ്‍ അഞ്ചിന് ജില്ലയിലൊട്ടാകെ നടക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളും ശുചീകരിക്കാനാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സ്‌കൂള്‍ പരിസരങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍, കാടുമൂടിക്കിടക്കുന്ന ഇടങ്ങള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ അധികൃതരുടെയും നേതൃത്വത്തില്‍ അവ വൃത്തിയാക്കണം. സ്‌കൂള്‍ കോംപൗണ്ടിലെ പാഴ് വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള്‍ ശുചീകരിക്കുകയും ഉപയോഗ ശൂന്യമായ വാഹനങ്ങളും മറ്റും നീക്കം ചെയ്യുകയും വേണം. കൊതുകുകള്‍ വളരാന്‍ അവസരമൊരുക്കുന്ന രീതിയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും പ്രത്യേകം ശുചീകരിക്കണം. വിദ്യാലയങ്ങളിലെ ശുചിമുറികളും വിദ്യാര്‍ഥികള്‍ പെരുമാറുന്ന മറ്റ് ഇടങ്ങളും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വടക്കാഞ്ചേരി ആനപ്പറമ്പ് ജിബിഎല്‍പി സ്‌കൂളിന്റെ ഒരേക്കര്‍ ഭൂമിയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ ജില്ലാ കലക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ചേര്‍ന്ന അധികൃതരുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത ദിവസം സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് സ്‌കൂള്‍ പൂര്‍ണമായി ശുചീകരിക്കണം. ഒരു ഏക്കര് വരുന്ന സ്‌കൂള്‍ ഭൂമിയിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങള്‍ പരമാവധി ഉപയോഗിക്കണം. വെറുതെ കിടക്കുന്ന സ്ഥലത്ത് കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് അടുക്കളത്തോട്ടം ഒരുക്കണം. വടക്കാഞ്ചേരി നഗരസഭയുടെ സഹയാത്തോടെ സ്‌കൂള്‍ കോംപൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളി ഉപകരണങ്ങള്‍ സ്ഥാപിച്ച് കളിസ്ഥലം ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മരങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഉപേക്ഷിച്ച പലകകളും കമ്പികളും മറ്റും ഉടന്‍ മാറ്റണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കലക്ടര്‍ സ്‌കൂളിലെത്തിയത്.
സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭാ ചെയര്‍മാന്‍ ടി എന്‍ സുരേന്ദ്രന്‍, കൗണ്‍സിലര്‍ സന്ധ്യ കോടങ്ങാടന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹന്‍, പ്രധാനാധ്യാപകരായ എം ലിസി പോള്‍, രാജി മോള്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിലേറ്റര്‍ അനൂപ് കിഷേര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.