അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് അടിയന്തിര ചികിത്സാസഹായം എത്തിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു എന്ന് ആരോപണം. ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകിയെന്ന് നിർമാതാവ് ജോളി ജോസഫ് പറഞ്ഞു. ജോൺ പോൾ ഗുരുതരാവസ്ഥയിൽ വീണുകിടന്നപ്പോൾ സഹായമെത്തിയില്ല. കട്ടിലിൽ നിന്ന് വീണ ജോൺ പോൾ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നു. ഫയർഫോഴ്സിനെയും ആംബുലൻസിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ല. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയെന്നും എന്നും ജോളി ജോസഫ് വ്യക്തമാക്കി.
മരണപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് തിരക്കഥാകൃത്ത് ജോൺ പോളിനുണ്ടായ ദുരനുഭവത്തിൽ പ്രതികരിച്ച് നടൻ കൈലാഷും രംഗത്തെത്തിയിട്ടുണ്ട്. രാത്രി കിടക്കുന്നതിനിടെ കട്ടിലിൽ നിന്നും വീണ ജോൺ പോളിന് മൂന്നര മണിക്കൂറോളം തണുത്ത നിലത്ത് കിടക്കേണ്ടി വന്നുവെന്നും സഹായത്തിനായി നിരവധി ആംബുലൻസ് സർവ്വീസുകളേയും ഫയർ ഫോഴ്സിനേയും ബന്ധപ്പെട്ടെങ്കിലും സഹായം കിട്ടിയില്ലെന്നും കൈലാഷ് പറഞ്ഞു. ജനുവരിയിൽ നടന്ന സംഭവത്തെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകൻ ജോളീ ജോസഫ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കൈലാഷ് ഇതേക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തുന്നത്.