തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്ന് ആം ആദ്മി പാർട്ടി. നിലവിലെ സാഹചര്യത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പ്രാധാന്യമില്ലെന്ന് ദേശീയ നിരീക്ഷകൻ എൻ. രാജയും വ്യക്തമാക്കി. ഈ മാസം 15ന് ദേശീയ കൺവീനർ അരവിന്ദ് കെജ് രിവാൾ കേരളത്തിൽ സന്ദർശനം നടത്തുന്നുണ്ട് .തൃക്കാക്കരയിൽ ആർക്ക് പിന്തുണ നൽകണമെന്ന് അന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
വരുന്ന നിയമസഭ, ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും എ.എ.പി മൽസരിക്കും. ജനങ്ങളുടെ മനസിൽ പാർട്ടിയുണ്ടെന്ന് സർവേകളിലൂടെ വ്യക്തമായിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പി.സി. സിറിയക് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് സംബന്ധിച്ച് പാർട്ടിക്ക് പ്രഖ്യാപിത നയമുണ്ട്. പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ സാധാരണ മൽസരിക്കാറില്ല. ഉപതെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ ലഭിച്ചിട്ട് ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ സാധിക്കില്ല. പൊതുതെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുകയാണ് ലക്ഷ്യമെന്നും പി.സി. സിറിയക് വ്യക്തമാക്കി.