Kerala Latest news

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകില്ല; ജനക്ഷേമ സഖ്യം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകുന്നില്ലെന്ന് ജനക്ഷേമ സഖ്യം. കിറ്റെക്സ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് ആണ് ഇക്കാര്യം അറിയിച്ചത്.

ട്വന്റി ട്വന്റിയുടെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ ഒരു മുന്നണിക്കുമില്ല. ജനക്ഷേമ സഖ്യത്തിന്റെ ആശയവും ലക്ഷ്യവും വ്യക്തമാണ്. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. തീരുമാനം ജനങ്ങൾക്ക് വിട്ടതോടെ അവർക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് നൽകിയത്. നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണം തൃക്കാക്കരയിൽ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക, വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇക്കാരണത്താലാണ് തൃക്കാക്കരയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന് ജനക്ഷേമ സഖ്യം നേരത്തെ തീരുമാനിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുത്. ജനങ്ങൾ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യണം. ജനങ്ങൾ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കപ്പെടട്ടേ എന്നും സാബു എം ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published.