പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്നാണ് പ്രഖ്യാപിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മേയ് 31ന് നടക്കും. ജൂൺ മൂന്നിനായിരിക്കും വോട്ടെണ്ണൽ. മേയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കും. മേയ് 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. മേയ് 16 വരെ നാമനിർദേശ പത്രിക പിൻവലിക്കാം.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്ക് ഇരു മുന്നണികളും തുടക്കം കുറിച്ചിരുന്നു. പി.ടി.തോമസിന്റെ പത്നി ഉമതോമസ് യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നുവെങ്കിലും യു.ഡി.എഫും കോൺഗ്രസും ഇത് സ്ഥിരീകരിച്ചിട്ടില്ല. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് എന്നിവരെ മണ്ഡലത്തിന്റെ ചുമതലയേൽപ്പിച്ച് എൽ.ഡി.എഫും തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞിരുന്നു. 2021ൽ കേരളത്തിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃക്കാക്കര യു.ഡി.എഫിനെ കൈവിട്ടിരുന്നില്ല.
കൊച്ചി നഗരസഭയിലെ 23 ഡിവിഷനുകളും തൃക്കാക്കര നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. മണ്ഡലത്തിൽ ആം ആദ്മിയും ട്വന്റി 20യും സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്.