പുലിച്ചുവടുകളും പുലിത്താളവുമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിയിറങും. വൈകീട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ളാഗ് ഓഫ് നടക്കുക. ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക. ചുവടുകളുമായി പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാമഭീര്യമേറും.
പുലർച്ചെ 6 മണിയോടെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരൻമ്മാർ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. 4 മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന
സ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണി നിരക്കും. പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ- എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും. സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിവയാണ് ടീമുകൾ. പണ്ടുകാലത്ത് കരിയും നീലവും മറ്റ് പ്രകൃതി ദത്ത നിറങ്ങളുമായിരുന്നു പുലിക്കളി കലാകാരന്മാരുടെ ദേഹത്ത് പൂശിയിരുന്നത്. എന്നാൽ ഇന്ന് ഇനാമൽ പെയിന്റാണ് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഗൊറില്ല പൗഡറിൽ ഇനാമൽ പെയിന്റും വാർനിഷും ചേർത്താണ് പെയിന്റ് തയാറാക്കുകയെന്ന് വിയ്യൂർ പുലിവര ആർട്ടിസ്റ്റ് നിഖിൽ വിശദീകരിച്ചു. പുലികളിയുടെ തലേ ദിവസങ്ങളിൽ തന്നെ പുലി മടകളിൽ പെയിന്റ് അരക്കൽ ആരംഭിക്കും. അരകല്ലിൽ കുഴമ്പ് രൂപത്തിലുള്ള പെയിന്റ് അരച്ചെടുക്കുന്നത് ശ്രമകരമായ പ്രവർത്തിയാണ്. ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പെയിന്റ് കട്ടയായി മാറും. ഇത് പിന്നീട് ഉപയോഗിക്കാനാകില്ല. പെയിന്റിനൊപ്പം വാർനിഷ് ചേർക്കുന്നതോടെയാണ് പുലികളുടെ ദേഹത്തിന് തിളക്കം ലഭിക്കുകയെന്ന് ചക്കാമുക്ക് ദേശം പുലികളി സംഘാടകൻ ജിതിൻ പറഞ്ഞു. അതേസമയം ചില പുലികൾ ദേഹത്ത് വെളിച്ചെണ്ണ പുരട്ടിയാണ് പെയിന്റിങിന് വിധേയരാകുന്നത്. എന്നാൽ ഇത് പെയിന്റ് വേഗത്തിൽ ഉണങ്ങുന്നതിന് തടസ്സം ഉണ്ടാക്കുന്നതായി പുലിക്കളി കലാകാരൻ സെന്തിൽ പറഞ്ഞു.
പുലിക്കളിക്ക് ശേഷം ജനക്കൂട്ടം പിരിയുമ്പോൾ പുലിമടകൾക്ക് സമീപം കാണാനാവുന്ന പതിവ് കാഴ്ചയാണ് നിലത്തിരുന്നു കൊണ്ട് ദേഹത്തെ പെയിന്റ് ഉരച്ചു കളയുന്ന പുലിക്കളി കലാകാരന്മാരുടേത്. മുൻകാലങ്ങളിലും ഇപ്പോഴും മണ്ണെണ്ണ ദേഹത്ത് തേച്ച് ഉരച്ചു കൊണ്ട് പെയിന്റ് കളയുന്ന രീതിയാണ് പിന്തുടരുക എന്ന് പുലിക്കളി ചിത്രകാരനായ പ്രേംജി പറയുന്നു. ഇതിനാവശ്യമായ മണ്ണെണ്ണ തൃശൂർ കോർപ്പറേഷനാണ് സജ്ജീകരിച്ചു നൽകുക. ഒരു ടീമിൽ ഒരാൾക്ക് 1 ലിറ്റർ എന്ന കണക്കിലും ആളുടെ ശരീര വലുപ്പം അനുസരിച്ച് കൂടുതൽ നൽകുന്ന രീതിയിലാണ് കോർപ്പറേഷൻ മണ്ണെണ്ണ അനുവദിച്ചിട്ടുള്ളത്. ചുളിവുകൾ ഉള്ള ചർമ്മമുള്ളവർക്ക് പെയിന്റ് കളയുന്നത് ശ്രമകരമായ പ്രവർത്തിയാണെന്ന് വിയ്യൂർ ദേശം പുലിക്കളി സംഘത്തിന്റെ ആർട്ടിസ്റ്റ് ഫ്രാൻസിസ് ഒളരി പറഞ്ഞു. പുലികൾ സാധാരണയായി ചർമ്മ സംരക്ഷണത്തിനായി പ്രത്യേക ഉപാധികൾ ഉപയോഗിക്കറില്ലെന്നും പെയിന്റ് ദേഹത്ത് പുരട്ടുന്നതോടെ രോപകൂപങ്ങൾ അടയും. ഇതോടെ ദേഹത്തിന് ചെറിയ രീതിയിൽ വലിച്ചിലും പുകച്ചിലും അനുഭവപ്പെടും. കടുത്ത വെയിലും മഴയും ഇല്ലാത്ത മിതമായ കാലാവസ്ഥയാണ് പുലിക്കളി വേഷമിട്ട കലാകാരന്മാർക്ക് ഉത്തമമെന്ന് പുലിക്കളി കലാകാരൻ സജീവ് പറഞ്ഞു.
സമകാലിക സാമൂഹ്യ യാഥാർത്യങ്ങളും പുരാണ കഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയാകും ഓരോ ടീമും കാണികളെ വിസ്മയിക്കുക.
വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവരും.