Kerala

തൃശൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ശപിക്കാതെ തൃശൂർ – കുന്നംകുളം റോഡിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കുന്നംകുളം – തൃശൂർ റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ്കുമാറിന്റെ നേതൃത്വത്തിൽ ചൂണ്ടൽ സെന്ററിൽ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ റോഡിന്റെ ദുരിതം തൃശൂർ ജില്ലയിലുള്ളവർ മാത്രം നേരിടുന്ന പ്രശ്നമല്ല. വടക്ക് നിന്ന് തെക്കോട്ട് റോഡ് മാർ​ഗം യാത്ര ചെയ്യുന്ന എല്ലാവരും ഇത് നേരിടേണ്ടി വരുന്നു. ഇതിലൂടെ കടന്നുപോകുമ്പോൾ പിണറായി വിജയനേയും മുഹമ്മദ് റിയാസിനെയും ശപിക്കാത്തവരായി ആരുമുണ്ടാകില്ല. അത്രയും വലിയ ദുരിതമാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നവർ അനുഭവിക്കേണ്ടി വരുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

റോഡിലെ ദുരവസ്ഥ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉപേക്ഷിച്ച റോഡാണ് തൃശൂർ – കുന്നംകുളം പാത. റോഡിലെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി പരാതികൾ ഉയരുന്നുണ്ടെങ്കിലും ഇതുവരെയും നേരെയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. തകർന്നു തരിപ്പണമായ റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടന്നുവെങ്കിലും ഇതുവരെയും ശാശ്വത പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് അടിയന്തരമായി റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *