നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂർ പൂരത്തിന് വിളംബരമായി. നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻറെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻറെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.
കുടമാറ്റത്തിൻ്റെ വേദിയിൽ കാണാറുള്ള അതേ ജനക്കൂട്ടം പൂരത്തലേന്നും ഒഴുകി എത്തി. വടക്കുന്നാഥ ക്ഷേത്രത്തിലെ നിലപാടുതറയിൽ മൂന്നു തവണ വണങ്ങി പൂരം വിളംബരം നടത്തി. പൂര വിളംബരത്തോടെ 36 മണിക്കൂർ നീണ്ട തൃശ്ശൂർ പൂരം ചടങ്ങുകൾക്ക് തുടക്കമായി.
രാവിലെ എട്ടു മണിയോടെ കുറ്റൂർ തട്ടകത്തു നിന്ന് കൊമ്പൻ എറണാകുളം ശിവകുമാറിൻ്റെ പുറമേറിയാണ് നെയ്തലക്കാവിലമ്മ പുറപ്പെട്ടത്.
പൂര ദിനത്തിൽ കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ നെയ്തലക്കാവിലമ്മ തെക്കേ ഗോപുര വാതിൽ തുറന്നിടുന്നുവെന്നാണ് സങ്കൽപ്പം. മണികണ്ഠനാൽ പരിസരത്ത് കഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ മേളം അരങ്ങേറി.