പച്ചക്കറിക്കും പയര്‍വര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വിലക്കയറ്റം. മത്തി കിലോക്ക് 230 രൂപയും അയലക്ക് 240 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞയാഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്.
ഒരുകിലോ അയക്കൂറക്ക് 1200 രൂപയാണ് വില.400 -600 വരെയായിരുന്നു നേരത്തെയുണ്ടായ വില. ആദ്യമായാണ് അയക്കൂറക്ക് കിലോക്ക് 1200 രൂപയായി വിലയുയരുന്നത്. ആവോലിക്ക് 900 രൂപയായും ഉയർന്നിട്ടുണ്ട്. കൊളോന്‍ -720, ചെമ്പല്ലി -700, നോങ്ങല് -680, കരിമീന്‍ – 500, ചെമ്മീന്‍ -420, കൂന്തല്‍ -340, മാന്ത -340 എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ വില. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞതാണ് ഇവിടെ മത്സ്യവില ഉയരാന്‍ കാരണമെന്ന് വിൽപന നടത്തുന്നവർ പറയുന്നു. ഊൺ വില കൂട്ടിയെങ്കിലും മത്സ്യ- പച്ചക്കറി -ഇറച്ചി വിലവർധന ഹോട്ടലുകളെ ബാധിച്ചിട്ടുണ്ട്.