പഞ്ചാബിലെ പട്യാലയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ ഉന്നത പൊലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റി മുഖ്യമന്ത്രി ഭഗവന്ത് മാൻ. പട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ നാല് കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പട്യാല നഗരത്തിൽ തെരുവുയുദ്ധം നടന്നത്.
ഇന്നലെ ഉച്ചയോടെയാണ് ശിവസേന നടത്തിയ ഖാലിസ്ഥാൻ വിരുദ്ധ മാർച്ചിൽ വൻസംഘർഷമുണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലും കല്ലേറിലും വൻ നാശനഷ്ടമാണ് പട്യാല നഗരത്തിലുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.
മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. ഈ മാർച്ചിനിടെ ചില സിഖ് സംഘടനകൾ പ്രതിഷേധവുമായി എത്തി. മാർച്ചിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. ആകാശത്തേക്ക് വെടിവച്ചും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് ഈ സംഘർഷാവസ്ഥ ലഘൂകരിച്ചത്. വലിയ സംഘർഷാവസ്ഥ മണിക്കൂറുകളോളം പട്യാല നഗരത്തിൽ തുടർന്നു. ആളുകൾ തമ്മിൽ കല്ലേറും ഉന്തും തള്ളും സംഘർഷവുമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.