Latest news National

പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചു

വിശ്വപ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ദിവസേന ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി.
സന്തൂര്‍ എന്ന സംഗീത ഉപകരണം ജനകീയമാക്കുകയും പണ്ഡിറ്റ് ജമ്മു കശ്മീരിലെ ഗോത്രവര്‍ഗ്ഗ ശൈലികളില്‍ നിന്ന് സന്തൂരിന് തനതായ ഒരു ക്ലാസിക്കല്‍ പദവി നല്‍കുവാനും അദ്ദേഹത്തിന് സാധിച്ചു.

ജമ്മുവില്‍ ജനിച്ച പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ പതിമൂന്നാം വയസ്സിലാണ് സന്തൂര്‍ പഠിക്കാന്‍ തുടങ്ങിയത്. 1955-ല്‍ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ കലാപ്രകടനത്തിന്റെ അരങ്ങേറ്റം.

പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയാണ് 1956-ല്‍ പുറത്തിറങ്ങിയ ഝനക് ഝനക് പായല്‍ ബജെ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. 1960ല്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടെ ആദ്യ സോളോ ആല്‍ബം റെക്കോര്‍ഡ് ചെയ്തു. പ്രമുഖ ഓടക്കുഴല്‍ വാദകന്‍ ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റ് ബ്രിജ് ഭൂഷണ്‍ കബ്ര എന്നിവരുമായി 1967-ല്‍ സഹകരിച്ച് കോള്‍ ഓഫ് ദ വാലി എന്ന പ്രശസ്ത ആല്‍ബം നിര്‍മ്മിച്ചു.

ഹരിപ്രസാദ് ചൗരസ്യയ്ക്കൊപ്പം, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ സില്‍സില, ചാന്ദ്നി, ഡാര്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ഹിന്ദി സിനിമകള്‍ക്കും സംഗീതം നല്‍കി. രാജ്യം 1991-ല്‍ പത്മശ്രീയും 2001-ല്‍ പത്മവിഭൂഷണും നൽകി ആദരിച്ചു.

Leave a Reply

Your email address will not be published.