പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതകെണി വെയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാർമാരായ അശോകന്, മോഹന്‍ദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ക്യാംപിനോട് ചേര്‍ന്ന വയലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവരെ കാണാനില്ലെന്ന് കാണിച്ച് ഹേമാംബിക നഗര്‍ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കായി അന്വേഷണം ശക്തമാകുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.