പിന്നണി ഗായിക സംഗീത സചിത്(46) അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയിട്ടുണ്ട്. ‘നാളൈതീര്‍പ്പി’ എന്ന ഗാനത്തിലൂടെയാണ് തമിഴിൽ തുടക്കം കുറിച്ചത്. എ.ആര്.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ കീഴില്‍ ‘മിസ്റ്റര്‍ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ വിജയമായിരുന്നു. ‘പഴശ്ശിരാജ, രാക്കിളിപ്പാട്ട് , കാക്കക്കുയിൽ, അയ്യപ്പനും കോശിയും തുടങ്ങിയവ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്, കുരുതിയിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങള്‍: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനില്‍.