പീഡന പരാതി നൽകാനെത്തിയ 13 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ ലളിത്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽവച്ച് ബലാത്സംഗം ചെയ്തത്. അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ് ബലാത്സംഗംചെയ്തത്. സരോജിനെ സസ്പെൻഡ് ചെയ്തതായും ഒളിവിലുള്ള ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി അധികൃതർ.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ യുപി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ടു തേടി. പീഡനക്കേസിൽ ഉൾപ്പെട്ട മറ്റു മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 22 നാണ് പതിമൂന്നുകാരിയെ ഭോപാലിൽ വച്ച് നാലുപേർ ചേർന്ന് ബലാത്സംഗംചെയ്തത്. നാലു ദിവസം പീഡിപ്പിച്ചശേഷം പ്രതികൾ പെൺകുട്ടിയെ പാലി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. പിറ്റേന്ന് അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് സരോജ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സന്നദ്ധസംഘടനയുടെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.തുടർന്ന് ഉന്നതഉദ്യോഗസ്ഥർക്ക് പരാതി നൽകി. പെൺകുട്ടിയുടെ അമ്മായിക്കെതിരെയും കേസെടുത്തിട്ടുണ്ട്.