കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
തിങ്കളാഴ്ച രാവിലെ പ്രശാന്ത് കിഷോറിന്റെ ട്വിറ്റർ ഹാൻഡ്ലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് പുതിയ അഭ്യൂഹങ്ങൾ. ‘ജനാധിപത്യത്തില്‍ അര്‍ഥവത്തായ പങ്കാളിയാകാനും ജനപക്ഷ നയം രൂപപ്പെടുത്താനുമുള്ള എന്റെ അന്വേഷണം 10 വര്‍ഷത്തെ ‘റോളര്‍കോസ്റ്റര്‍’ യാത്രയിലേക്ക് നയിച്ചു! യഥാര്‍ത്ഥ മാസ്റ്റേഴ്സിലേക്ക് പോകാനുള്ള സമയമായി. ജനങ്ങളുടെ സദ്ഭരണത്തിലേക്കുള്ള പാതയും പ്രശ്നങ്ങളും നന്നായി മനസ്സിലാക്കാനുള്ള തുടക്കം ബിഹാറില്‍ നിന്നായിരിക്കും’, പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റാണ് പ്രശാന്ത് കിഷോർ പാർട്ടി രൂപീകരിക്കാൻ പോകുന്നുവെന്ന തരത്തിൽ വിലയിരുത്തപ്പെടുന്നത്. അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ അതോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.പ്രശാന്ത് കിഷോർ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മുൻറോളുകളിലല്ലാതെ താൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്റെ വാഗ്ദാനം നിരസിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പ്രശാന്തിന്റെ ട്വീറ്റ്. കോൺഗ്രസിന് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും തന്റെ ആവശ്യമില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു.