Latest news

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം: രണ്ടാംഘട്ട ഉദ്ഘാടനം മെയ് 3ന്

സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ഊന്നൽ നൽകി ഉപഭോക്താക്കൾക്ക് സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും ഉറപ്പാക്കാൻ നിർമിക്കുന്ന പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം മെയ്‌ 3 ന് രാവിലെ 9 മണിക്ക് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കും.

സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 11.41 ഏക്കർ സ്ഥലത്ത് അഞ്ച് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണത്തിന്റെ ഭാഗമായി 129000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ബഹുനില വ്യവസായ സമുച്ചയമാണ് നിർമ്മിച്ചിട്ടുള്ളത്.

ജില്ലയിൽ വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 23.33 കോടി രൂപയാണ്. 100 കോടി രൂപയുടെ നിക്ഷേപവും 1000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രാരംഭഘട്ട ലക്ഷ്യം.

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയ അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പി ബാലചന്ദ്രൻ
എം എൽ എ അധ്യക്ഷത വഹിക്കും. മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ
ഡോ.കെ എസ് കൃപകുമാർ, വ്യവസായ വാണിജ്യ വകുപ്പ്
അഡീഷണൽ ഡയറക്ടർ കെ സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്
എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.