സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ സിസിടിവി കാമറകള്‍ പൂരപ്പറമ്പിലെ പോലിസ് കണ്ട്രോള് റൂമില്‍ നിന്ന് നേരിട്ട് നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ, പൂരം എക്സിബിഷന്റെ എല്ലാ കവാടങ്ങളിലും പ്രത്യേക സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാല് പിങ്ക് പോലീസ് പട്രോള്‍ സംഘങ്ങളെ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തുമായി വിന്യസിച്ചിട്ടുണ്ട്. 1515 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ഇവരുടെ തല്‍സമയ സേവനം ലഭ്യമാക്കും. അതോടൊപ്പം പോലിസ് ഹെല്പ് ലൈന്‍ നമ്പറായ 112ലും മുഴുസമയ സേവനം ലഭിക്കും.
പൂരം കാണാനെത്തുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി സ്വരാജ് റൗണ്ടിലും പരിസര പ്രദേശങ്ങളിലും വനിതാ ഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോള്‍ സംഘങ്ങളും റോന്ത് ചുറ്റും.
നഗരത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനായി ശക്തന് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേക പോലീസ് കിയോസ്ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പൂരത്തോടനുബന്ധിച്ച് നാലായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇവരിൽ 300 പേർ വനിതാ ഉദ്യോഗസ്ഥരായിരിക്കും. ജില്ലാ ഫയർ ആൻ്റ് റെസ്ക്യൂ സർവീസസിന് കീഴിലുള്ള 50 വനിതാ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരെയും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.
പൂരം കാണാനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴ് ഷീ ടാക്സി യൂനിറ്റുകളുടെ സേവനം ലഭ്യമാക്കും. സ്വരാജ് റൗണ്ട്, ശക്തന് സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭിക്കും. ഷീ ടാക്സിയുടെ മൊബൈല്‍ നമ്പറുകള്‍ പൊതുജനങ്ങള്‍ക്കായി ഉടന്‍ ലഭ്യമാക്കും.
സുരക്ഷിത പൂരം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പോലീസ് നേരത്തേ തന്നെ പ്രത്യേക ഡ്രൈവ് നടത്തി സ്ഥിരം കുറ്റവാളികളെ കണ്ടെത്തി കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാല പറി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ജില്ലയ്ക്കകത്തും പുറത്തുമുള്ള സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും തിരിച്ചറിയിന്നതിനുമുള്ള സംവിധാനങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ, വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ തൃശൂരിൽ എത്തിയിട്ടുണ്ട്.
പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി നെഹ്റു പാര്‍ക്കിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കായി ഒന്‍പത് പോര്‍ട്ടബ്ള്‍ ടോയ്ലെറ്റുകള്, ജില്ലാ ആശുപത്രിക്ക് മുൻവശത്ത് പൂരപ്പറമ്പിനോട് ചേർന്ന് ഒൻപത് ലേഡീസ് ടോയ്ലെറ്റുകള്, പോലീസ് കൺട്രോൾ റൂമിന് പിറകുവശത്തായി നാല് ടോയ്ലെറ്റുകൾ, ജനറല്‍ ആശുപത്രിക്കു പിറകിലായി മൂന്ന് അധിക ടോയ്ലെറ്റുകള്, സ്ത്രീകള്‍ക്കു മാത്രമായി മൂത്രപ്പുരകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൂരം കാണാൻ എത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും പോലീസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു