മുട്ടിക്കുളങ്ങര കെ.എ.പി-രണ്ട് ബറ്റാലിയന് ക്യാമ്പിലെ രണ്ടു പോലീസുകാരെ വയലില്‍ ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വൈദ്യുതകെണി വച്ച മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടച്ചതിന് വനംവകുപ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ബോധപൂര്‍വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി മാറ്റിയിട്ടത് സുരേഷ് ആണെന്ന് എസ്.പി ആര്.വിശ്വനാഥ് പറഞ്ഞു. സുരേഷ് കാട്ടുപന്നിയെ കെണിവച്ച് പിടിച്ച കേസില്‍ പ്രതിയെന്നും പാലക്കാട് എസ്.പി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് പോലീസുകാരുടെ മരണം പുറത്തറിയുന്നത്. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുമ്പളക്കോട് ചെട്ടിത്തറവീട്ടില്‍ മാരിമുത്തുവിന്റെ മകന് അശോക് കുമാര്‍ (35), തരൂര്‍ അത്തിപ്പൊറ്റ കുണ്ടുപറമ്പ് വീട്ടില്‍ പരേതനായ കെ.സി. മാങ്ങോടന്റെ മകന് മോഹന്‍ദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകുവശത്തെ വയലില്‍ മരിച്ചനിലയില്‍ കണ്ടത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പോലീസും ക്യാമ്പിലെ സേനാംഗങ്ങളും പരിസരപ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
.