പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നേപ്പാളിലെ ലുംബിനി സന്ദര്‍ശിക്കും. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ നടക്കുന്ന ബുദ്ധപൂര്‍ണിമ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. നേപ്പാള്‍ പ്രധാനമന്ത്രി ഷെര്‍ ബെഹാദൂര്‍ ദ്യൂബയുമായി നടത്തുന്ന നയതന്ത്രചര്‍ച്ചകള്‍ക്കുശേഷം ഇരുരാജ്യങ്ങളും അഞ്ച് കരാറുകളില്‍ ഒപ്പുവെക്കും. വിദ്യാഭ്യാസം, ജലവൈദ്യുതി തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള കരാറുകളിലാണ് ഒപ്പുവെക്കുന്നത്.
മോദിയുടെ അഞ്ചാം നേപ്പാള്‍ സന്ദര്‍ശനമാണിതെങ്കിലും ആദ്യമായാണ് ലുംബിനി സന്ദര്‍ശിക്കുന്നത്. മായാദേവി ക്ഷേത്രസന്ദര്‍ശനത്തോടെയാണ് പര്യടനം തുടങ്ങുന്നത്. സെന്റര്‍ ഫോര്‍ ബുദ്ധിസ്റ്റ് കള്‍ച്ചര്‍ ആന്‍ഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റിയുമായും ത്രിഭുവന്‍ യുണിവേഴ്‌സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.
ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല ഐ.സി.സി.ആറുമായും ത്രിഭുവന്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസുമായും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവെക്കുന്നുണ്ട്.
തന്റെ ലുംബിനി സന്ദര്‍ശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മോദി പറഞ്ഞു. നേപ്പാളുമായുള്ള ബന്ധം സമാനതകളില്ലാത്തതാണെന്നും മോദി പറഞ്ഞു. യാത്ര പുറപ്പെടുംമുമ്പ് നല്‍കിയ പ്രസ്താവനയിലാണ് ഇങ്ങനെ പ്രതികരിച്ചത്