ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മിന്നലിലും 33 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ കതിഹാർ പ്രദേശത്താണ് കൊടുങ്കാറ്റ് പ്രധാനമായും ദുരിതം വിതച്ചത്.
ദുരന്തം വിശകലനം ചെയ്ത ശേഷം മറ്റുള്ളവർക്കും സാമ്പത്തികസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കൊടുങ്കാറ്റ് സംസ്ഥാനത്ത് നിരവധി വീടുകളും കൃഷി സ്ഥലങ്ങൾക്കും വ്യാപകനാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാറ്റിന്റെ തീവ്രതയിൽ നിരവധി വീടുകളുടെ മേൽക്കൂര തകരുകയും വൈദ്യുതി തൂണുകൾ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.
ബിഹാറിലെ ശക്തമായ കൊടുങ്കാറ്റിൽ 33 പേർ മരിച്ചതായി അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രഖ്യാപനങ്ങളും നടക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.