ഭരണഘടനാ സ്ഥാപനങ്ങൾ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ. സർക്കാരുകൾ നിയമാനുസൃതം പ്രവർത്തിച്ചാൽ കോടതികൾക്ക് ഇടപെടേണ്ട സാഹചര്യമുണ്ടാകില്ല. നിയമലംഘനം ഉണ്ടായാൽ പൊതുജനക്ഷേമം മുൻനിർത്തി കോടതികൾക്ക് ഇടപെടേണ്ടി വരും. ഡൽഹി വിജ്‌ഞാൻഭവനിൽ മുഖ്യമന്ത്രിമാരുടെയും ചീഫ്‌ജസ്‌റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉദ്‌ഘാടകനായ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരെ സാക്ഷിയാക്കിയാണ് ഭരണഘടനയെ മറികടന്നുള്ള അധികാരദുർവിനിയോഗങ്ങൾ അനുവദിക്കാനാകില്ലെന്ന് ചീഫ്‌ജസ്‌റ്റിസ് തുറന്നടിച്ചത്.
സർക്കാർ നല്ല നിലയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് നീതി തേടി അലയേണ്ടി വരില്ല. സർക്കാർ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെങ്കിലും പൗരൻ തൻ്റെ പരാതിയുമായെത്തിയാൽ പരിഗണിക്കേണ്ടി വരും. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ജുഡീഷ്യൽ സംവിധാനത്തിൽ ആശങ്കയ്ക്കിടയാക്കുന്നു. അന്യായമായ അറസ്‌റ്റും കസ്‌റ്റഡി മർദനവും തടയാനായാൽ കോടതികളുടെ ജോലി അത്രയും കുറയുമെന്നും ചീഫ്‌ജസ്‌റ്റിസ് പറഞ്ഞു.
ഉത്തരവുകൾ സർക്കാരുകൾ കൃത്യമായി നടപ്പാക്കാത്തത് കോടതികളുടെ ജോലിഭാരവും കോടതിഅലക്ഷ്യഹർജികളും വർധിക്കാൻ കാരണമായെന്ന് ചീഫ്‌ജസ്‌റ്റിസ് പറഞ്ഞു.