മത്സ്യകൃഷി പ്രോത്സാഹനത്തിന് നൂതന മത്സ്യ കൃഷിരീതിയുമായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബയോഫ്ലോക്ക് മത്സ്യകൃഷിയിലൂടെ ഗിഫ്റ്റ് പിലോപ്പിയ മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടന്നത്. അഞ്ച് മാസമായിരുന്നു കൃഷി വിളവെടുപ്പിൻ്റെ കാലയളവ്.
മറ്റത്തൂർ പഞ്ചായത്തിലെ 17 ാം വാർഡായ അവിട്ടപ്പിള്ളിയിൽ കർഷകൻ ജയറാംദാസൻ്റെ വീട്ടിലാണ് ബയോഫ്ളോക്ക് മത്സ്യ കൃഷി വിളവെടുപ്പ് നടന്നത്.
30 വർഷത്തോളമായി പ്രവാസിയായിരുന്ന ജയറാംദാസ് നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോഴാണ് കൃഷി തെരഞ്ഞെടുത്തത്. മത്സ്യ കൃഷി വലിയ സാമ്പത്തിക ലാഭം ലഭിക്കുന്നില്ലെങ്കിലും സർക്കാരിൽ നിന്നും ലഭിക്കുന്ന സബ്സിഡി വലിയൊരു ആശ്വാസമാണെന്ന് ജയറാംദാസ് പറയുന്നു. ജയറാംദാസിനെ കൃഷിയിൽ സഹായിക്കാൻ മകനും ഒപ്പമുണ്ട്.
കേരളം ഭക്ഷ്യോത്പാദന മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സുഭിക്ഷ കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജനങ്ങളെ കൃഷിചെയ്യാൻ സാമ്പത്തികമായി സഹായിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ ഭക്ഷ്യക്ഷാമത്തിൽ നിന്ന് രക്ഷിക്കുകയുമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സുഭിക്ഷ കേരളം മത്സ്യകൃഷി.
അക്വാകൾച്ചർ ഉൽപാദനം 49,545.74 മില്ല്യൺ ടണ്ണായി വർധിപ്പിക്കുക, 25 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുക, 65,000 കർഷകർക്ക് ഉപജീവന വരുമാനം നൽകുക, മത്സ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കുക, മത്സ്യകൃഷി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുക, നൂതനമായ അക്വാകൾച്ചർ സാങ്കേതികവിദ്യകൾ സുസ്ഥിരമായ രീതിയിൽ പ്രചരിപ്പിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ജയറാം ദാസന്റെ വസതിയിൽ നടന്ന വിളവെടുപ്പ് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു മനോജ് അധ്യക്ഷത വഹിച്ചു. ചാലക്കുടി മത്സ്യഭവൻ എഫ് ഇ ഒ ജിബിന, പ്രോജക്ട് കോഡിനേറ്റർ സിന്ധു, അക്വാകൾച്ചർ പ്രമോട്ടർ ചൈതന്യ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.